Saturday, September 19, 2026

രാമകഥാമൃതം

 രാമകഥാമൃതം

മാതൃഭൂമി 24/7/2026


കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം.
(സി ശ്രീകുമാർ)

തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോദ്ധ്യാകാണ്ഡത്തിൽ, ശ്രീരാമന്റെ പട്ടാഭിഷേകം മുടക്കാൻ മന്ഥര കൈകേയിയെ ഉപദേശിക്കുന്ന സന്ദർഭമുണ്ട്. കൈകേയി സദ്ഗുണങ്ങളും സഹജീവികളോട് ദയയും സ്നേഹവുമുള്ള ഉത്തമയായ ഒരു സ്ത്രീയായിരുന്നു. കൗസല്യാനന്ദനനായ ശ്രീരാമനെ സ്വന്തം മകനായ ഭരതനേക്കാൾ അധികം കൈകേയി സ്നേഹിച്ചിരുന്നു. എന്നാൽ മന്ഥര എന്ന ദുഷ്ടദാസിയുടെ തുടർച്ചയായ ദുരുപദേശങ്ങളിലും കുതന്ത്രങ്ങളിലും  കൈകേയിയും ഇളകിപ്പോയി! ഈ സന്ദർഭത്തിൽ എഴുത്തച്ഛൻ പറയുകയാണ്,
"ശിഷ്ടനായുള്ളവനെന്നങ്ങിരിയ്ക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാൽ
സജ്ജനനിന്ദ്യനായ് വന്നുകൂടും ദൃഢം.
ദുർജ്ജനസംസർഗ്ഗമേറ്റമകലവേ
വർജ്ജിയ്ക്കവേണം പ്രയത്നേന സല്പുമാൻ,
കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം."
ഉള്ളിൽ എത്രതന്നെ നന്മകളുള്ള ഒരാളാണെങ്കിലും, ദുഷ്ടന്മാരുമായുള്ള കൂട്ടുകെട്ട് ഉണ്ടായാൽ കാലക്രമേണ അവൻ സജ്ജനങ്ങളാൽ വെറുക്കപ്പെടുന്നവനായിത്തീരും. അതിനാൽ ഏവരും ദുർജനങ്ങളുടെ കൂട്ടുകെട്ട് പരമാവധി ഒഴിവാക്കേണ്ടതാണ്. എത്ര തിളക്കമുള്ള സ്വർണ്ണമാണെങ്കിൽ പോലും കരി പറ്റിയാൽ ശോഭയില്ലാത്തതായി മാറും.

ലഹരിയുടെ മായാവലയത്തിൽ ചെറുപ്പക്കാർ വ്യാപകമായി കുടുങ്ങിപ്പോവുന്ന ഇക്കാലത്ത് എഴുത്തച്ഛൻ്റെ ഉപദേശത്തിന് വലിയ പ്രസക്തിയുണ്ട്. ഒരു മനുഷ്യൻ എത്ര നല്ലവനാണെങ്കിലും അവൻ ഇടപെടുന്ന സാഹചര്യങ്ങളും കൂട്ടുകാരും അയാളുടെ സ്വഭാവത്തെ സ്വാധീനിക്കും.ദുർജ്ജന സംസർഗ്ഗം പെട്ടെന്ന് ഒരാളിൽ വലിയ മാറ്റങ്ങൾ വരുത്താറില്ലെങ്കിലും പതിയെപ്പതിയെ ആ കൂട്ടുകെട്ട് അവനേയും സ്വാധീനിച്ചുതുടങ്ങും. അതോടെ അവൻ്റെ ചിന്തകളും പ്രവർത്തിയും ചീത്തയാവും. ഏറ്റവും ശുദ്ധമായ സ്വർണ്ണമാണ്, കരി പുരണ്ടാൽ തിളക്കം നഷ്ടപ്പെട്ട അവസ്ഥയിലെത്തുന്നത്! അതുപോലെ എത്ര നല്ലവനാണെങ്കിലും കൊള്ളരുതാത്ത കൂട്ടുകെട്ടിൽ പെട്ടാൽ ഏതൊരുവനും കാലക്രമേണേ ദുഷിക്കും. കൈകേയിക്ക് സംഭവിച്ചതും അതാണ്. അതുകൊണ്ട് ജീവിതത്തിൽ നന്മ നിലനിർത്താൻ ആഗ്രഹിക്കുന്നവർ ചീത്ത കൂട്ടുകെട്ട് പൂർണ്ണമായും ഒഴിവാക്കണമെന്ന സന്ദേശമാണ് എഴുത്തച്ഛൻ ഈ വരികളിലൂടെ നല്കുന്നത്.
********************************

സി ശ്രീകുമാർ

No comments:

Post a Comment

ഒരിക്കൽ ഒരു ടെന്നീസ് കോർട്ടിൽ

  ഒരിക്കൽ ഒരു ടെന്നീസ് കോർട്ടിൽ ( ചെറുകഥ : സി ശ്രീകുമാർ ) https://youtu.be/29yYsdIw0qo?si=mwZR5Fht2stDam1b