Sunday, July 19, 2026

ലീലാതിലകവും കൂന്തൽവാദവും

 ലീലാതിലകത്തിലെ കൂന്തൽവാദം


സംസ്കൃതഭാഷയിൽ വിരചിതമായ മണിപ്രവാളഭാഷയുടെ വ്യാകരണ ഗ്രന്ഥമാണ് ലീലാതിലകം. പതിനാലാം നൂറ്റാണ്ടാണ് രചനാകാലം. മണിപ്രവാ ഭാഷയിലുണ്ടായ അക്കാലത്തെ കൃതികളെക്കുറിച്ച് ഏറ്റവും നല്ല വിവരങ്ങൾ ലഭിക്കുന്നത് ലീലാതിലകത്തിലെ ഉദാഹരണ ശ്ലോകങ്ങളിലൂടെയാണ്.

മണിപ്രവാളഭാഷയുടെ സ്വരൂപത്തെക്കുറിച്ച് ഉണ്ടായ ഒരു വ്യാകരണപരമായ തർക്കമാണ് കൂന്തൽവാദം. ഒരു മണിപ്രവാളകൃതിയിലെ "ബാലാ തന്വീ കൂന്തൽ ഭാരേ..." എന്ന് തുടങ്ങുന്ന ഒരു ശ്ലോകത്തിൽ ഉപയോഗിച്ചിരിക്കുന്ന 'കൂന്തൽ' എന്ന പദം ചോളഭാഷാ പദമാണോ അതോ കേരളഭാഷാപദമാണോ എന്നതായിരുന്നു തർക്കം. ഈ തർക്കത്തിൽ ഇരു ഭാഗത്തിനും വേണ്ടി വാദങ്ങൾ നിരത്തുന്നതും വിശദീകരിക്കുന്നതും ലീലാതിലകകാരൻ തന്നെ. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ സംസ്കൃതമാകുന്ന മണിയും കേരള ഭാഷയാകുന്ന പ്രവാളവും ചേർന്നതാണ് മണിപ്രവാളം. എതിർവാദം

 മണിപ്രവാളകൃതികളിൽ "കൂന്തൽ", "കൊങ്ക", "കുഴൽ" പോലുള്ള ചോളഭാഷാ പദങ്ങളും ഉണ്ട് എന്നതായിരുന്നു. മണിപ്രവാളം എന്നത് കേരള ഭാഷയും സംസ്കൃതവും മാത്രം കലർന്ന മിശ്രഭാഷയല്ലെന്നും ചോളഭാഷയായ തമിഴും ഇതിൻ്റെ ഭാഗമാണെന്നും എതിർവാദം വന്നു. ഈ വാദത്തിൽ തെളിവായി ഉദ്ധരിക്കപ്പെട്ട പ്രധാന പദം "കൂന്തൽ" എന്നതാണ്. തലമുടി എന്നർത്ഥമുള്ള ചോളഭാഷാപദം ആണിത്. അതുകൊണ്ടാണ് ഈ വാദം കൂന്തൽവാദം എന്നറിയപ്പെട്ടത്.

ഈ വാക്ക് ചോളഭാഷയിലും ഉണ്ടെങ്കിലും, പ്രസ്തുത പദ്യത്തിലെ "പോലങ്ങിനിയെങ്ങൾ ചേത" എന്ന പ്രയോഗത്തെ മുൻനിർത്തി ഇത് കേരളഭാഷ തന്നെയെന്ന് ലീലാതിലകകാരൻ ഉറപ്പിക്കുന്നു. ഇതിലുള്ള 'എങ്ങൾ' എന്ന പദം ചോള ഭാഷാപദമല്ല. അവിടെ 'എങ്കൾ' എന്നാണ് പറയുക. 'എങ്ങൾ' എന്നത് കേരളഭാഷയുടെ രീതിയാണ്. ആയതിനാൽ ഈ ശ്ലോകം കേരളഭാഷയിലേതാണെന്നും, അതിലെ 'കൂന്തൽ' എന്ന പദം കേരളഭാഷാ പദമാണെന്നും ലീലാതിലകകാരൻ പറയുന്നു.  മലയാള ഭാഷയ്ക്ക് തമിഴിൽ നിന്നുള്ള സ്വതന്ത്രാസ്തിത്വം സ്ഥാപിച്ചെടുക്കാൻ ലീലാതിലകകാരൻ ഉപയോഗിച്ച പ്രധാന യുക്തികളിൽ ഒന്നാണിത്. ലീലാതിലകകാരന്റെ നിലപാട് വ്യക്തമാണ്. മണിപ്രവാളം എന്നത് കേരള ഭാഷയും സംസ്കൃതവും ചേർന്ന മിശ്ര ഭാഷയാണ് . ചോളഭാഷാ പദങ്ങളുടെ സാന്നിധ്യം അതിന്റെ അടിസ്ഥാനസ്വഭാവം മാറ്റുന്നില്ല. 

No comments:

Post a Comment

ചെറുകഥ

 https://youtu.be/dZc4RI-23ss?si=uLAqJMRGDbjUYC4J