രാമകഥാമൃതം
മലയാള മനോരമ July 2026
"രാമദൂതന്നു ബന്ധം ഭവിച്ചീടുമോ?"
അദ്ധ്യാത്‌മരാമായണത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഒരു ഭാഗമാണ് ഹനുമാൻ്റെ ലങ്കാദഹനം. സീതാദേവിയെ അന്വേഷിച്ച് ലങ്കയിലെത്തിയ ഹനുമാൻ, ദേവിയെ കണ്ട് അടയാളവാക്യങ്ങൾ കൈമാറിയ ശേഷമാണ് ലങ്കയിൽ തൻ്റെ പരാക്രമം പുറത്തെടുക്കുന്നത്. രാവണന് ഏറ്റവും പ്രിയപ്പെട്ട അശോകവനം ആ രാമഭക്തൻ തല്ലിത്തകർത്തു. ഒടുവിൽ രാവണൻ്റെ പ്രതാപശാലിയായ മകൻ അക്ഷകുമാരനെയും നിഗ്രഹിച്ചു. മകൻ മരിച്ചതറിഞ്ഞ് കോപിഷ്ഠനായ രാവണൻ തൻ്റെ മൂത്തമകനായ ഇന്ദ്രജിത്തിനെ യുദ്ധത്തിനയച്ചു. ഒടുവിൽ ഗതികെട്ട ഇന്ദ്രജിത്ത് ഹനുമാനുനേരെ ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചു! തുടർന്ന് രാക്ഷസന്മാർ ഹനുമാനെ രാജാവായ രാവണനു മുന്നിൽ കൈകാലുകൾ ബന്ധിച്ച് എത്തിക്കുകയാണ്. ഈ സന്ദർഭത്തിൽ കവി പറയുന്നു,
"രഘുതിലകചരണയുഗമകതളിരിൽ വച്ചോരു
രാമദൂതന്നു ബന്ധം ഭവിച്ചീടുമോ?
മരണജനിമയവികൃതി ബന്ധമില്ലാതോർക്കു
മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം?"
ശ്രീരാമസ്വാമിയുടെ പാദാരവിന്ദങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള, രാമദൂതനായ ഹനുമാന് ഏതെങ്കിലും തരത്തിലുള്ള കെട്ടുപാടുകൾ ഒരിക്കലും ഉണ്ടാവുകയില്ല എന്നാണ് കവി പറയുന്നത്! ലങ്കയെ ദഹിപ്പിക്കാനും രാക്ഷസന്മാരെ നിഷ്പ്രഭരാക്കാനും ശേഷിയുള്ള ഹനുമാൻ, ബ്രഹ്മാസ്ത്രത്തോടുള്ള ആദരവ് നിമിത്തമാണ് ബന്ധനത്തിന് വഴങ്ങിക്കൊടുത്തത്. പ്രപഞ്ചനാഥനായ ശ്രീരാമദേവൻ്റെ പാദങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു യഥാർത്ഥ ഭക്തനെ ഒരു പാശം കൊണ്ടും ബന്ധിക്കാനാവില്ല. ഭൗതിക ജീവിത കെട്ടുപാടുകൾ, സുഖദുഃഖങ്ങൾ, ജനനമരണ ചക്രം ഒന്നും അവനെ തളച്ചിടുന്നില്ല. ഭക്തി മനുഷ്യനെ എല്ലാ ബന്ധനങ്ങളിൽ നിന്നും മുക്തനാക്കി മോക്ഷം നൽകുന്നു. ഒരു യഥാർത്ഥ ഭക്തനെ ഭൗതികമായ ഒരു ശക്തിക്കും തളയ്ക്കാനാകില്ല എന്ന മഹത്തായസന്ദേശമാണ് എഴുത്തച്ഛൻ ഈ വരികളിലൂടെ നൽകുന്നത്.
**********************************
സി ശ്രീകുമാർ

No comments:
Post a Comment