Thursday, February 5, 2026

'അനർഘനിമിഷം' ഒരു പുനർവായന.

  ( സി. ശ്രീകുമാർ തൊടുപുഴ )

മലയാളത്തിലെ എഴുത്തുകാരിൽ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ള ഒരാളാണ് വൈക്കം മുഹമ്മദ് ബഷീർ.അദ്ദേഹം തൻറെ രചനകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്തു. കണ്ണീരിന്റെ നനവുള്ള ചിരികളാണ് ബഷീർ നമുക്ക് മുന്നിലേക്ക് വച്ച് നീട്ടിയത്. ചാർലി ചാപ്ലിൻ ഒരിക്കൽ പറഞ്ഞത് ഓർമ്മ വരുന്നു , "എനിക്ക് മഴയിലൂടെ നടക്കാനാണ് ഇഷ്ടം. കാരണം എൻറെ കണ്ണീർ ആരും കാണുകയില്ലല്ലോ". ബഷീറിൻറെ രചനകൾക്കും ചാപ്ലിന്റെ ഈ വാക്കുകൾ അങ്ങേയറ്റം യോജിക്കും.അനർഘനിമിഷം എന്ന കഥയിൽ അദ്ദേഹം തന്നെ ഇത് പറയുന്നുമുണ്ട്. "എൻറെ കൂട്ടുകാർ എൻറെ അടുക്കൽ വരുന്നു. പലതും പറഞ്ഞ് അവരെ ചിരിപ്പിക്കാൻ എന്നോട് ആവശ്യപ്പെടുന്നു. എൻറെ ഉള്ളിലുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കുന്നില്ല."

    ബഷീറിൻറെ രചനകളിൽ എന്തുകൊണ്ടും വേറിട്ടുനിൽക്കുന്ന ഒരു രചനയാണ് അനർഘ നിമിഷം. ഉന്മാദത്തിന്റെ ദിനങ്ങളിൽ അദ്ദേഹം എഴുതിയ നിരവധി കഥകളിൽ ഒന്നാണ് അനർഘനിമിഷം. ഈ രചനയെ ഒരു ഗദ്യ കവിത എന്ന് വിളിക്കുന്നതാവും കൂടുതൽ ഉചിതം. കാവ്യാത്മകമാണ് അതിലെ ഭാഷ. "നീയും ഞാനും എന്ന യാഥാർത്ഥ്യത്തിൽ നിന്ന് ഒടുവിൽ നീ മാത്രമായി അവശേഷിക്കാൻ പോവുകയാണ്, നീ മാത്രം", എന്ന തുടക്കം തന്നെ കാവ്യാത്മകവുംചിന്തോദ്ദീപകവുമാണ്. കഥ അവസാനിക്കുന്നതും ഇതേ വാചകങ്ങൾ ആവർത്തിച്ചു കൊണ്ടാണ് . തന്റെ യൗവനമത്രയും ഭാരതത്തിലെമ്പാടും ഒരു അവധൂതനെപ്പോലെ അലഞ്ഞു നടന്നിട്ടുള്ള ബഷീറിൻറെ ജീവിത വീക്ഷണം തെളിഞ്ഞു കാണുന്ന ഒരു രചനയാണ് അനർഘനിമിഷം. സൂഫിസത്തിന്റെ സ്വാധീനം രചനയിൽ വളരെ പ്രകടമാണ്. സർവ്വചരാചരങ്ങളിലും ഒരേ ഈശ്വര ചൈതന്യമാണ് നിറഞ്ഞിരിക്കുന്നത്  എന്ന തിരിച്ചറിവ് ബഷീറിൽ എന്നും ഉണ്ടായിരുന്നു. ഭാരതീയമായ അദ്വൈത ദർശനത്തോട് ഏറെ സാദൃശ്യം പുലർത്തുന്ന ഒന്നാണ് സൂഫിസം. "നീയും ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കാൻ പോവുകയാണ് നീ മാത്രം ", എന്ന വാക്യം ഈ ആശയം ഉൾക്കൊള്ളുന്നുണ്ട്.

    ഉന്മാദത്തിന്റെ അവസ്ഥകളിൽ എഴുത്തുകാരനെ മരണഭയം അലട്ടിയിരുന്നു. മരണം തൊട്ടുമുമ്പിൽ എത്തിയതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ആ വിചാരത്തിൽ നിന്നാണ് അനർഘനിമിഷം പോലെയുള്ള കഥകളുടെ പിറവി. "പെയ്യുവാൻ പോകുന്ന കാർമേഘത്തെപ്പോലെ ആ ഓർമ്മ എൻറെ അന്തരംഗം പൊട്ടുമാറു വിങ്ങിനിൽക്കുന്നു", എന്നാണ് ബഷീർ എഴുതുന്നത്. പക്ഷേ ഈ കഥ പ്രസിദ്ധീകരിച്ച് പിന്നെയും പതിറ്റാണ്ടുകൾക്ക് ശേഷമാണ് ബഷീർ കാലയവനികയ്ക്കുള്ളിൽ മറയുന്നത്. താൻ ഇല്ലായ്മയിൽ ലയിക്കാൻ പോകുന്നു എന്ന ചിന്തയാണ് അനർഘനിമിഷം എഴുതുന്ന സന്ദർഭത്തിൽ അദ്ദേഹത്തെ ഏറ്റവുമധികം അലട്ടിയത്. താൻ ജീവിതമത്രയും ഈശ്വരനെക്കുറിച്ച് അറിയുവാൻ ശ്രമിച്ചു. എന്നാൽ തനിക്ക് കാര്യമായി ഒന്നും അറിയുവാൻ സാധിച്ചില്ല. എന്നാൽ ഈശ്വരന് തൻറെ ജീവിതം ഒരു പുസ്തകം പോലെ എപ്പോൾ വേണമെങ്കിലും എടുത്തു വായിക്കാവുന്ന ഒന്നായിരുന്നു. തൻറെ എല്ലാ പ്രവർത്തികൾക്കും ഈശ്വരൻ സാക്ഷിയാണ്. എന്നാൽ എത്ര ആലോചിച്ചിട്ടും ഈശ്വരൻ തനിക്ക് ഒരു മഹാരഹസ്യം മാത്രം!

    ജനനത്തിനും മരണത്തിനും ഇടയിലെ അനർഘനിമിഷമായി ബഷീർ ജീവിതത്തെ കാണുന്നു. ജീവിതത്തിൻറെ നൈമിഷികത ഭംഗിയായി അവതരിപ്പിക്കാൻ ഈ കഥയിൽ ബഷീറിന് ആവുന്നു. ഭൂതകാലത്തിന്റെ വക്കത്ത് നിൽക്കുന്ന ഭാവികാലം ആകുന്നു ജീവിതം. വർത്തമാനകാലം എന്നത് വെറുമൊരു സങ്കൽപ്പം മാത്രം! ഓരോ മനുഷ്യ ജീവിതവും ക്ഷണികവും നിസ്സാരവുമാണ്. ഒറ്റയൊറ്റ മനുഷ്യർ മരിക്കും, ജീവിതമെന്ന മഹാ പ്രവാഹം തുടരുക തന്നെ ചെയ്യും. 

"ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൽ കൊടിപ്പടം താഴ്ത്താൻ "

 എന്ന് കന്നിക്കൊയ്ത്തിൽ വൈലോപ്പിള്ളി അവതരിപ്പിച്ച അതേ ദർശനമാണ് വൈക്കം മുഹമ്മദ് ബഷീറും അനർഘനിമിഷം എന്ന കഥയിൽ പിൻതുടരുന്നത്. "എന്തിന് മർത്ത്യായുസ്സിൽ സാരമായതു ചില മുന്തിയ സന്ദർഭങ്ങൾ, അല്ല മാത്രകൾ മാത്രം", എന്ന് വൈലോപ്പിള്ളി ഊഞ്ഞാലിൽ എന്ന കവിതയിൽ പറയുന്നു. ജീവിതത്തിൻറെ ക്ഷണികതയെക്കുറിച്ച് തന്നെയാണ് രണ്ടു പേരും ആശങ്കപ്പെടുന്നത്. ഏറെ വ്യത്യസ്തമായ സാഹിത്യ രചനാരീതികൾ പിന്തുടരുന്നവരായിരുന്നെങ്കിലും ഏറെ സമാനമായ ജീവിതദർശനം വെച്ചുപുലർത്തിയവരായിരുന്നു വൈലോപ്പിള്ളിയും വൈക്കം മുഹമ്മദ് ബഷീറും എന്ന് നിസ്സംശയം പറയാം.

No comments:

Post a Comment

മോഷണത്തിലെ ചിരിയും ചിന്തയും.

 അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിതയ  ഓർക്കുമ്പോൾ. ( സി. ശ്രീകുമാർ തൊടുപുഴ ) മലയാളത്തിൽ ആധുനികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രമുഖ കവി...