Monday, September 22, 2025

 

കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകൾ.

( ലേഖനം - സി. ശ്രീകുമാർ തൊടുപുഴ )


മലയാള സിനിമ കണ്ടിട്ടുള്ള മഹാന്മാരായ സംവിധായകരുടെ പട്ടികയിൽ മുൻനിരയിലുള്ള വ്യക്തിയാണ് ശ്രീ കെ ജി ജോർജ് . 2023 ൽ അന്തരിച്ച അദ്ദേഹത്തിൻറെ ചരമദിനമാണ് സെപ്റ്റംബർ 24. മലയാളസിനിമയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സംവിധായകനാണ് അദ്ദേഹം. മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ എന്ന വിശേഷണം പോലും അദ്ദേഹം നേടുകയുണ്ടായി. സിനിമയുടെ ഭാഷയിലും ആഖ്യാനരീതിയിലും നവഭാവുകത്വം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു. സിനിമാഭിനയത്തെക്കുറിച്ചുണ്ടായിരുന്ന സങ്കല്പങ്ങൾ പോലും അദ്ദേഹം പൊളിച്ചെഴുതുകയുണ്ടായി.ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള കഥ, തുടങ്ങിയ സങ്കല്പങ്ങൾ അദ്ദേഹം വകവച്ചില്ല.


സിനിമയുടെ വാണിജ്യ ചേരുവുകളിൽ നിന്ന് എന്നും അകന്നുനിന്ന വ്യക്തിയാണ് ശ്രീ കെ ജി ജോർജ്. പ്രേക്ഷകരെക്കൂടി സിനിമയുടെ ഭാഗമാക്കുന്ന തരത്തിലുള്ള സിനിമകളാണ് ജോർജ് ഒരുക്കിയത്. വെറുതെ കണ്ടു മറക്കാനുള്ളതല്ല അദ്ദേഹത്തിന്റെ ചിത്രങ്ങൾ. സിനിമാസ്വാദനം ബുദ്ധി കൂടി പ്രവർത്തിക്കേണ്ട ഒരു കാര്യമാണെന്ന് അദ്ദേഹത്തിന്റെ സിനിമകൾ മലയാളികൾക്കു ബോധ്യപ്പെടുത്തി.

മനുഷ്യമനസിന്റെ സങ്കീർണതകളാണ് സിനിമയിലൂടെ അദ്ദേഹം ആവിഷ്കരിച്ചത്. . നാളയുടെ സിനിമയായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം. സിനിമ എന്നത് സംവിധായകന്റെ കലയാണെന്ന് അദ്ദേഹം മലയാളികളെ പഠിപ്പിച്ചു.


പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാൻ ചേർന്നത് ജോർജ്ജിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അവിടെ പഠിക്കുമ്പോൾ ജോൺ എബ്രഹാം, ബാലു മഹേന്ദ്ര, ജമീല മാലിക്, ജയഭാദുരി , മോഹൻ ശർമ്മ, രവി മേനോൻ തുടങ്ങിയവരെ കൂട്ടുകാരായി കിട്ടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കെ ജി ജോർജ്ജിനെ മറ്റൊരാളാക്കി മാറ്റിപ്പണിതു എന്നു പറയാം.

രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണു സിനിമയിലെ തുടക്കം. നെല്ല്, മായ തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.


അദ്ദേഹത്തിന്റെ ഓരോ ചലച്ചിത്രവും വ്യത്യസ്തമായ ഭാവുകത്വം സമ്മാനിച്ചവയാണ്. ഒരു വിഷയവും അദ്ദേഹത്തിന്റെ സിനിമകളിൽ ആവർത്തിച്ചു വന്നിട്ടില്ല. എല്ലായിടത്തും പുതുമ കൊണ്ടുവരാൻ കെ.ജി ജോർജ്ജ് ശ്രമിച്ചു. കഥയിൽ ശീർഷകത്തിൽ അഭിനേതാക്കളുടെ കാര്യത്തിൽ ലൊക്കേഷനിൽ അങ്ങനെ എല്ലാത്തിലും ഉണ്ടായിരുന്നു പുതുമ. പ്രമേയത്തിന്റെ കാര്യത്തിലും സമീപനത്തെ കാര്യത്തിലും അദ്ദേഹത്തിന്റെ ഓരോ സിനിമയും വേറിട്ടു നിന്നു. സൈക്കോഡ്രാമ വിഭാഗത്തിൽപ്പെടുത്താവുന്ന സ്വപ്നാടനമാണ് (1975) അദ്ദേഹത്തിന്റെ ആദ്യ സിനിമ. വ്യാമോഹം, രാപ്പാടികളുടെ ഗാഥ ,ഇനി അവൾ ഉറങ്ങട്ടെ , ഓണപ്പുടവ, മണ്ണ്, ഉൾക്കടൽ, മേള,കോലങ്ങൾ, യവനിക,ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല് പഞ്ചവടി പ്പാലം, ഇരകൾ, കഥയ്ക്കു പിന്നിൽ , മറ്റൊരാൾ , യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി , ഇലവങ്കോട് ദേശം എന്നിവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ.


മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ ത്രില്ലറാണ് സ്വപ്നാടനം. 

അക്കാലത്തെ ന്യൂജെൻ സിനിമയായിരുന്നു അത്. മനുഷ്യന്റെ മനോവ്യാപാരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ഒരു സിനിമ .സ്വപ്നങ്ങളേയും സ്വപ്ന സമാനമായ ബിംബങ്ങളേയും അതു പകർത്തി. സ്ത്രീപുരുഷബന്ധങ്ങളിലെ സങ്കീർണ്ണതകൾ അതിൽ ആവിഷ്കരിക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന അവാർഡും അടക്കം അനവധി അംഗീകാരങ്ങൾ ആണ് സ്വപ്നാടനം ആ വർഷം കരസ്ഥമാക്കിയത്.

മലയാളത്തിലെ ആദ്യത്തെ കാമ്പസ് ചിത്രമായാണ് ഉൾക്കടലിനെ കണക്കാക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്റെ നോവൽ സിനിമയാക്കിയതാണ് അത്. കാമ്പസ് പ്രണയവും പ്രണയഭംഗവും അവതരിപ്പിക്കപ്പെടുന്ന ഈ സിനിമയുടെ പശ്ചാത്തലം കലാലയമാണ്.


സിനിമയ്ക്കുള്ളിലെ നാടകമാണ് യവനിക.നാടകത്തിനുള്ളിലെ മനുഷ്യരുടെ കഥ കൂടിയാണിത്. നാടക ട്രൂപ്പിലെ തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനത്തിൽ നിന്നു തുടങ്ങുന്ന അന്വേഷണം അപ്രതീക്ഷിത വഴികളിലൂടെ സഞ്ചരിക്കുന്നു. ലക്ഷണമൊത്ത ക്രൈം ത്രില്ലറായി യവനിക ഇന്നും വാഴ്ത്തപ്പെടുന്നു. ചലച്ചിത്ര വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമായാണ് യവനിക കണക്കാക്കപ്പെടുന്നത്.


കോലങ്ങൾ പോലെ കേരളത്തിലെ ഗ്രാമ ജീവിതത്തിന്റെ ചാരുത ഇത്രയും ഭംഗിയായി അവതരിപ്പിച്ച മലയാള ചിത്രങ്ങൾ ചുരുക്കമാണ്. പി ജെ ആൻറണിയുടെ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ എടുത്തിട്ടുള്ളത്. സിനിമാ മോഹവുമായി എത്തി ചതിക്കുഴിയിൽ വീഴുന്ന പെണ്ണിന്റെ ദുരന്തമാണ് 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് '.ശോഭ എന്ന മലയാള സിനിമയിലെ മികച്ച നായികയുടെ ആത്മഹത്യയുമായി ഈ കഥയ്ക്ക് ബന്ധമുണ്ട് എന്നു പറയപ്പെടുന്നു.


മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് 'പഞ്ചവടിപ്പാലം'. ഇന്നും ഈ സിനിമ ചർച്ച ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. കാരിക്കേച്ചർ രൂപത്തിലാണ് ഈ സിനിമ എടുത്തിരിക്കുന്നത്. സർക്കസ് കൂടാരത്തിലെ ജീവിതം വിഷയമാക്കിയ വ്യത്യസ്തമായ ഒരു സിനിമയാണ് മേള. സർക്കസ്സ് കോമാളിയുടെ അപകർഷതാബോധം സിനിമയുടെ പ്രധാന വിഷയമാണ്. മോട്ടർസൈക്കിൾ അഭ്യാസിയായി മമ്മൂട്ടി ഈ സിനിമയിൽ ഉജ്ജ്വല അഭിനയം കാഴ്ചവച്ചു. കുടുംബജീവിതത്തിലെ താളപ്പിഴകൾ അവതരിപ്പിക്കുന്ന ഇരകൾ അദ്ദേഹത്തിന്റെ മറ്റൊരു ഉജ്ജ്വല ചിത്രമാണ്. സിനിമയ്ക്ക് രാഷ്ട്രീയമായ ഒരു മുഖം കൂടിയുണ്ടെന്ന് കെ.ജി.ജോർജ്ജു തന്നെ പറഞ്ഞിട്ടുണ്ട്. ബേബിക്കുഞ്ഞായി അഭിനയിച്ച ഗണേഷ്കുമാറിന്റെ ആദ്യ ചിത്രം കൂടിയാണ് ഇരകൾ.വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മൂന്നു സ്ത്രീകളുടെ കഥ പറഞ്ഞ സിനിമയാണ് ആദാമിന്റെ വാരിയെല്ല്. ഈ വ്യത്യസ്തരായ സ്ത്രീകഥാപാത്രങ്ങൾ തമ്മിൽ ഒരു കാര്യത്തിൽ മാത്രമാണ് സാമ്യമുള്ളത്. സ്ത്രീ എന്ന നിലയിൽ അവർ നേരിടുന്ന ചൂഷണവും പീഡനവും ആണ് അത്. മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമയായി ഈ ചിത്രത്തെ കണക്കാക്കുന്നു.സി വി ബാലകൃഷ്ണന്റെ കഥയെ ആസ്പദമാക്കി എടുത്ത മറ്റൊരാൾ എന്ന സിനിമ വിവാഹേതര ബന്ധങ്ങളെ വിഷയമാക്കിയുള്ളതാണ്. കെ ജി ജോർജിന്റെ സിനിമകൾ പൊതുവേ കാലത്തിനു മുൻപേ സഞ്ചരിച്ചവ ആയിരുന്നു. മറ്റൊരാളും അങ്ങനെ തന്നെ.

രാപ്പാടികളുടെ ഗാഥ എന്ന ചിത്രത്തിന്റെ തിരക്കഥ പത്മരാജൻ ആണ് ഒരുക്കിയത്. അക്കാലത്ത് യുവാക്കളെ ഏറ്റവും കൂടുതൽ പിടികൂടിയ മയക്കുമരുന്നുപയോഗവും അതിനെത്തുടർന്നുള്ള മാനസിക പ്രശ്നങ്ങളുമാണ് ഈ സിനിമയുടെ വിഷയം. 


മികച്ച തിരക്കഥാകൃത്ത് കൂടിയായിരുന്നു കെ ജി ജോർജ് . ഇരകൾ കോലങ്ങൾ തുടങ്ങിയ സിനിമകളുടെ തിരക്കഥകളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് കാണാം.


കെ.ജി.ജോർജ്ജിന്റെ സിനിമകൾക്ക് 9 സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയൽ പുരസ്കാരം കെ.ജി.ജോർജ്ജിനു ലഭിച്ചിട്ടുണ്ട്. സിനിമയുടെ കച്ചവട മൂല്യത്തിനല്ല കലാമൂല്യത്തിനാണ് കെജി ജോർജ് പ്രാധാന്യം കൽപ്പിച്ചത്. കെ.ജി ജോർജിന് മുമ്പ് തന്നെ ഭരതനും പത്മരാജനും ഉൾപ്പെടുന്ന അന്നത്തെ ചില സംവിധായകർ മലയാള സിനിമയിൽ പുതിയൊരു ധാര കൊണ്ടുവന്നു കഴിഞ്ഞിരുന്നു. കച്ചവടമൂല്യങ്ങളിൽ നിന്ന് മലയാള സിനിമ അകന്നു തുടങ്ങുകയായിരുന്നു. ജോർജും അതിനോടൊപ്പം പങ്കുചേരുകയാണ് ചെയ്തത്.


അദ്ദേഹത്തിന്റെ മിക്കസിനിമകളിലും സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളത് എം ബി ശ്രീനിവാസനാണ്. പത്തോളം സിനിമകളിൽ അദ്ദേഹം ജോർജിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചു. ഏകദേശം അത്രയും തന്നെ സിനിമകളിൽ ക്യാമറ ചലിപ്പിച്ചത് രാമചന്ദ്രബാബുവാണ്. സ്വപ്നാടനത്തിന്റെ വിജയത്തിൽ രാമചന്ദ്രബാബുവിന് വലിയ പങ്കുണ്ടെന്ന് കെ.ജി.ജോർജ് തന്നെ പറഞ്ഞിട്ടുണ്ട്. എം ബി ശ്രീനിവാസന്റെ സംഗീതം, ഭരത് ഗോപിയുടെ അഭിനയം ഇതെല്ലാം കെ.ജി.ജോർജിന്റെ സിനിമകളിൽ ആവർത്തിക്കപ്പെട്ടു. 


ഒട്ടേറെ പുതുമുഖ താരങ്ങളെ കണ്ടെത്തി മലയാള സിനിമാ ലോകത്തിനു കൈമാറിയ പ്രതിഭാശാലി കൂടിയായിരുന്നു കെ.ജി.ജോർജ്. ഭരത് ഗോപിയായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നടൻ. യവനികയിൽ ഭരത് ഗോപി തബലിസ്റ്റ് അയ്യപ്പനായി നിറഞ്ഞാടിയപ്പോൾ അത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഒരത്ഭുതമായി മാറി.നായകതുല്യമായ ഒരു വേഷം മമ്മൂട്ടിക്ക് ആദ്യമായി ലഭിക്കുന്നത് കെ.ജി. ജോർജിന്റെ മേള എന്ന ചിത്രത്തിലാണ്. പിന്നീടങ്ങോട്ട് ജോർജിന്റെ ഇഷ്ട നടനായി മമ്മൂട്ടി മാറി.മറ്റൊരാൾ എന്ന സിനിമയിൽ കരമന ജനാർദ്ദനൻ നായർ അവതരിപ്പിച്ച കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. നടൻ തിലകന് കിട്ടിയ ആദ്യ ശ്രദ്ധേയമായ വേഷമായിരുന്നു കോലങ്ങളിലെ 'കള്ളുവർക്കി'. കെജി ജോർജ് സിനിമകളിലെല്ലാം തന്നെ ശ്രീവിദ്യയ്ക്ക് ഒരു വേഷം ഉണ്ട് .കെ.ബി ഗണേഷ് കുമാർ എന്ന നടന്റെ ആദ്യ സിനിമയാണ് 'ഇരകൾ' ഉൾക്കടൽ എന്ന ചിത്രത്തിൽ സഹനടിയായും യവനിക എന്ന ചിത്രത്തിൽ നായികയായും അഭിനയിച്ച ജലജയാണ് കെ.ജി.ജോർജ്ജ് മലയാളത്തിനു സമ്മാനിച്ച മറ്റൊരു പുതുമുഖം . നടി മേനകയെ മലയാളത്തിന് സമ്മാനിച്ചതും കെ.ജി.ജോർജ് ആണ് . വേണു നാഗവള്ളിയെ കൊണ്ടുവന്നതും അദ്ദേഹമാണ്. ഉൾക്കടൽ എന്ന സിനിമയിലൂടെത്തന്നെ രതീഷ് എന്ന നടനും മലയാളത്തിലേക്ക് കടന്നുവന്നു. ജഗതി ശ്രീകുമാറിന്റെ ആദ്യചിത്രവും ഇതായിരുന്നു.


പാട്ടുകൾ സിനിമയ്ക്കുവേണ്ടിയാകണമെന്ന നിർബന്ധബുദ്ധി കെ.ജി.ജോർജ്ജിന് ഉണ്ടായിരുന്നു. സിനിമയിൽ പാട്ട് അത്യാവശ്യമല്ല എന്നു വിശ്വസിച്ച ഒരു സംവിധായകനായിരുന്നു അദ്ദേഹം. പശ്ചാത്തല സംഗീതമാണ് യഥാർത്ഥ ചലച്ചിത്രസംഗീതം എന്നായിരുന്നു ജോർജ്ജിന്റെ കാഴ്ചപ്പാട്. എന്നിട്ടും, മലയാളത്തിലെ ക്ലാസിക് ഗാനങ്ങൾ പലതും പിറവി കൊണ്ടത് കെ ജി ജോർജ്ജ് ചിത്രങ്ങളിലാണെന്നത് കൗതുകമാണ്!


ഉൾക്കടൽ എന്ന സിനിമ ഒരു മ്യൂസിക്കൽ ഹിറ്റ് ആയിരുന്നു. ഒ എൻ വി യുടെ സുന്ദരമായ വരികൾ. എം ബി എസ്സിന്റെ ലളിതമായ സംഗീതം. യേശുദാസിന്റെ ശബ്ദം. ആ ഗാനങ്ങളെ ഒഴിച്ചുനിർത്തി ഉൾക്കടൽ എന്ന ചിത്രത്തെക്കുറിച്ച് ഇന്നു നമുക്കു സങ്കല്പിക്കാനാവില്ല. "എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടി", "നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ", "കൃഷ്ണതുളസിക്കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ" ," ശരദിന്ദുമലർദീപ നാളം നീട്ടി" ..... തുടങ്ങിയ ഗാനങ്ങൾ പുതു തലമുറക്കും സുപരിചിതമാണ്. യവനികയും ഗാനാസ്വാദകരെ തൃപ്തിപ്പെടുത്തി. 'ഭരതമുനിയൊരു കളം വരച്ചു', 

'ചെമ്പക പുഷ്പ സുവാസിത യാമം', 'മിഴികളിൽ നിറകതിരായി' തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. വരികൾ എഴുതിയത് ഒ എൻ വി യും സംഗീതം പകർന്നത് എം ബി ശ്രീനിവാസനും പാടിയത് യേശുദാസും ആയിരുന്നു. മേളയിലെ "മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു'' (മുല്ലനേഴി , എം ബി എസ്സ്, യേശുദാസ്) എന്ന ഗാനവും മലയാളക്കര ഏറ്റെടുത്ത ഗാനമാണ്. തുടർന്നുള്ള മിക്ക സിനിമകളിലും കെ.ജി ജോർജ്ജ് പാട്ടുകൾ ഒഴിവാക്കി. 


ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ കെ ജി ജോർജ്ജിനുള്ള കഴിവ് അനിതര സാധാരണമാണ്. സ്ത്രീപക്ഷ സിനിമ എന്താണ് എന്ന് അറിയണമെങ്കിൽ കെ ജി ജോർജിന്റെ ആദാമിന്റെ വാരിയെല്ലു കണ്ടു നോക്കിയാൽ മതി. സ്ത്രീകളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകൾ പൊളിച്ചെഴുതുന്ന സ്ത്രീകഥാപാത്രങ്ങളെയാണ് കെ.ജി.ജോർജ് തന്റെ സിനിമകളിലൂടെ അവതരിപ്പിച്ചത്. സഹനത്തിന്റെ പ്രതീകങ്ങളായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളെ കണ്ടു ശീലിച്ച മലയാള സിനിമയ്ക്ക് അതിന് നേർ വിപരീതമായ കഥാപാത്രങ്ങളെയാണ് കെ ജി ജോർജ് നൽകിയത്. അദ്ദേഹത്തിന്റെ സ്ത്രീകഥാപാത്രങ്ങൾ എല്ലാ വികാരങ്ങളും ഉള്ള പച്ച മനുഷ്യരാണ്. 


ശ്രീ കെ ജി ജോർജിനെ മധ്യവർത്തി സിനിമയുടെ വക്താവായി ചിത്രീകരിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. ഒരു തരം സ്വപ്ന സഞ്ചാരമായിരുന്നു കെ.ജി. ജോർജ്ജിന്റെ സിനിമകൾ. അവ പ്രേഷകനെ ബോറടിപ്പിക്കുകയല്ല അവരിൽ പിരിമുറുക്കം സൃഷ്ടിക്കുകയാണു ചെയ്തത്. മനുഷ്യ ജീവിത സമസ്യകളെ ഇഴകീറി പരിശോധിക്കുന്ന സിനിമകളാണ് അദ്ദേഹത്തിന്റേത്. സിനിമയിൽ അദ്ദേഹം സാമ്പത്തിക നേട്ടത്തിലുപരി കലാമികവിനാണ് പ്രാധാന്യം കൊടുത്തത്. കലാമൂല്യമുള്ള മികച്ച സിനിമകൾ ഒരുക്കിയ ആളാണ് അദ്ദേഹം. 


മിക്ക സംവിധായകരും കൈകാര്യം ചെയ്യാൻ മടിക്കുന്ന പ്രമേയങ്ങൾ ധൈര്യപൂർവ്വം സ്വീകരിക്കുകയും അതിനെ ചലച്ചിത്ര രൂപത്തിൽ ആവിഷ്കരിക്കുകയും ചെയ്ത പ്രതിഭാധനനായ സംവിധായകനും തിരക്കഥാകൃത്തുമാണ് കെ.ജി. ജോർജ് .അദ്ദേഹത്തിന്റെ ഓരോ സിനിമയും ചലച്ചിത്ര വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ കൂടിയാണ്.ചുറ്റുവട്ടത്തുള്ള ജീവിതങ്ങളിൽ നിന്ന് സർവ്വദേശീയമായ പ്രമേയങ്ങളാണ് കെ ജി ജോർജ് കണ്ടെത്തിയത്.സിനിമാ ചരിത്രത്തിലെ തന്നെ ഒറ്റയാനായി അദ്ദേഹം മാറിയതും അതുകൊണ്ടാണ്. മലയാള സിനിമാലോകം താരാധിപത്യത്തിനു വഴിമാറിത്തുടങ്ങുന്നതോടെ കെ ജി ജോർജ് സിനിമാരംഗത്തു നിന്നു തന്നെ നിശബ്ദമായി പിന്മാറുന്നത് നമുക്കു കാണാം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളൊന്നും താരങ്ങൾക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടവയായിരുന്നില്ല. കഥാപാത്രങ്ങൾക്കു പറ്റിയ നടീനടന്മാരെ അദ്ദേഹം കണ്ടെത്തുകയായിരുന്നു. ഒരു പൂർവ്വ മാതൃകകളേയും പിൻപറ്റാത്ത കെ.ജി. ജോർജ്ജിന്റെ സിനിമകൾ മലയാള സിനിമയിലെ ക്ലാസിക്കുകളാണ്.


സി. ശ്രീകുമാർ തൊടുപുഴ

************************************************

email: c.sreekumar5@gmail.com





No comments:

Post a Comment

  കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകൾ. ( ലേഖനം - സി. ശ്രീകുമാർ തൊടുപുഴ ) മലയാള സിനിമ കണ്ടിട്ടുള്ള മഹാന്മാരായ സംവിധായകരുടെ പട്ടികയിൽ മുൻനിരയില...