അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിതയ ഓർക്കുമ്പോൾ.
( സി. ശ്രീകുമാർ തൊടുപുഴ )
മലയാളത്തിൽ ആധുനികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രമുഖ കവികളിൽ ഒരാളാണ് ശ്രീ അയ്യപ്പപ്പണിക്കർ. പഴയ കവിതാ രീതികളെ തള്ളിക്കളഞ്ഞ അദ്ദേഹം ഭാഷയിലും വിഷയത്തിലും നൂതനത്വം കൊണ്ടുവന്നു. പലപ്പോഴും അസ്തിത്വ ദു:ഖം അദ്ദേഹത്തിൻറെ കവിതയുടെ മുഖ്യവിഷയമാണ് . ആക്ഷേപഹാസ്യത്തിനു പ്രാധാന്യമുള്ള കാർട്ടൂൺ കവിതകൾ അദ്ദേഹത്തിന്റേതായി ധാരാളമുണ്ട്. 90 കളിൽ മലയാളകവിതയിൽ ഉത്തരാധുനികതയുടെ വരവറിയിച്ച പ്രമുഖ കവിയും മറ്റൊരാളല്ല.
മോഷണം എന്ന കവിത ആക്ഷേപഹാസ്യത്തിലൂന്നി നിന്നുകൊണ്ട് ശക്തമായ സാമൂഹ്യ വിമർശനം സാധ്യമാക്കുന്നുണ്ട്.
"വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ താൻ കള്ളനെന്നു വിളിച്ചില്ലേ? '', എന്ന പരിഭവം പറച്ചിലോടെയാണ് അയ്യപ്പപണിക്കരുടെ മോഷണം എന്ന കവിത ആരംഭിക്കുന്നത്. മോഷ്ടാവ് മോഷ്ടിക്കുകയും കള്ളന്‍ കക്കുകയുമാണ് പതിവ് . രണ്ടും ഒന്നുതന്നെയെങ്കിലും വെറുമൊരു മോഷ്ടാവ് എന്ന പ്രയോഗം മോഷണപ്രവൃത്തിയെ ലഘൂകരിക്കുന്നു. കവിതയിലെ കള്ളൻ മോഷ്ടിക്കുന്നത് തുണിയും ഭക്ഷണ സാധനങ്ങളുമാണ്. തുണി മോഷണം കാണുന്നവരുടെ നാണം കാക്കാനായിരുന്നു എന്നാണ് കള്ളന്‍റെ വിശദീകരണം.കോഴിയെ മോഷ്ടിച്ചത് പൊരിച്ചു തിന്നാനും. പശുവിനെ മോഷ്ടിച്ചത് പാലു കുടിക്കാനായിരുന്നു എന്നും അയാള്‍ പറയുന്നു.ഇതൊന്നും വൈദ്യൻ പോലും വിലക്കിയിട്ടില്ലാത്ത കാര്യങ്ങളാണ്. വസ്ത്രവും ഭക്ഷണ വസ്തുക്കളും മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുമാണല്ലോ! ഇങ്ങനെ ന്യായീകരിച്ചു ന്യായീകരിച്ച് ഇതൊക്കെ തന്‍റെ അവകാശമാണെന്നു വരെ കള്ളന്‍ പറഞ്ഞു വയ്ക്കുന്നു. മാറ്റുവിൻ ചട്ടങ്ങളേ എന്നു തുടങ്ങുന്ന കുമാരനാശാന്റെ ദുരവസ്ഥയിലെ വരികൾ ചിരിയും ചിന്തയും ഉണർത്തുമാറ് അയ്യപ്പപ്പണിക്കർ കവിതാന്ത്യത്തില്‍ ഉപയോഗിച്ചിരിക്കുന്നു. കള്ളന്‍റെ മുദ്രാവാക്യം വിളിപോലെ ഇത് മാറ്റൊലിക്കൊള്ളുന്നു. ചട്ടങ്ങളെ മാറ്റാനുള്ള കവിയുടെ ആഹ്വാനം അങ്ങനെ ശക്തമായ ഐറണിയായി മാറുന്നു.
ജാതീയമായ അസമത്വങ്ങള്‍ കൊടികുത്തി വാണ കാലത്ത് ചട്ടങ്ങളെ തകർക്കാന്‍ ആശാന്‍ ആഹ്വാനം ചെയ്തു. വിപ്ളവം നയിച്ച നാം ഒരു പുതു ലോകം തീർത്തു. പക്ഷേ ആ പുതു ലോകത്തില്‍ മോഷണത്തെ അവകാശമാക്കി മാറ്റിയ രാഷ്ട്രീയനേതൃത്വമാണ് ഉയിരെടുത്തത്. വെറുമൊരു മോഷ്ടാവായ തന്നെ കള്ളനെന്നു വിളിച്ചാൽ പെരും കള്ളന്മാരെ എന്തു വിളിക്കും എന്നാണ് കവിതയിലെ കള്ളൻ ആശങ്കപ്പെടുന്നത്? വലിയ കള്ളത്തരങ്ങൾ നടത്തി സമ്പന്നരായിത്തീരുന്ന ആളുകൾ മാന്യന്മാരായി വിലസുകയും കോഴിക്കള്ളന്മാർ ജയിലിൽ കിടക്കകയും ചെയ്യുന്ന അവസ്ഥയാണല്ലോ നമ്മുടെ നാടിന്‍റേത്. ഇത് പാരഡിയാണ്. ഇത്തരം പാരഡികള്‍ അയ്യപ്പപ്പണിക്കരുടെ കവിതകളുടെ സവിശേഷതയുമാണ്. ഐറണിക്കു നല്ലൊരുദാഹരണം കൂടിയാണ് ഈ കവിത എന്നു പറയാം. അതു കൊണ്ടു തന്നെ എക്കാലവും ഈ കവിതയ്ക്കുള്ള പ്രസക്തി വളരെ വലുതാണ്.