Monday, December 16, 2019

വീട്ടുപേരുകൾ ( House names )

കേരളീയമായ വീട്ടുപേരുകൾ ......

വീടുകൾക്ക് പേരുകൾ നല്കുമ്പോൾ ......



കൈലാസം, പാലാഴി,അമ്പാടി, ദ്വാരക തുടങ്ങി ദൈവങ്ങളുടെ വാസസ്ഥലങ്ങളുടെ പേരുകൾ കേരളീയർ വീട്ടുപേരുകളാക്കാറുണ്ട്.

അശ്വതി, ഭരണി, കാർത്തിക തുടങ്ങിയ നാളുകളുടെ പേരുകൾ കേരളത്തിൽ വീട്ടുപേരാക്കാറുണ്ട്.

മോഹനം, ശ്രീരാഗം, കല്യാണി തുടങ്ങിയ രാഗങ്ങളുടെ പേരുകൾ സംഗീതത്തോട് താല്പര്യമുള്ള ആളുകൾ വീട്ടുപേരാക്കാറുണ്ട്.

സൗപർണ്ണിക ,മാനസസരോവരം, നിള, കാവേരി, ഗംഗ, സരയൂ , സരസ്വതി, ഗംഗോത്രി, ബദരി, തുടങ്ങി നദികളുടേയും പുണ്യസ്ഥലങ്ങളുടേയും പേരുകൾ ചിലർ വീട്ടുപേരാക്കാറുണ്ട്.

മഞ്ജരി, ഇന്ദുവദന, മണികാഞ്ചി, കാകളി, മഞ്ജുതര, മാലിനി തുടങ്ങിയ വൃത്തനാമങ്ങളും വീട്ടുപേരുകളായി ഉപയോഗിച്ചു വരുന്നുണ്ട്.

കുട്ടികളുടെ പേരുകളുടെ കൂടെ, വീട് എന്ന വാക്കിന്റെ പര്യായങ്ങളായ നിലയം ഭവനം ആലയം തുടങ്ങിയ വാക്കുകൾ ചേർത്ത് ശ്രീനിലയം , ഗീതാലയം തുടങ്ങി വീട്ടുപേരുകൾ കൊടുക്കാറുണ്ട്.

ന്യൂമറോളജി പ്രകാരവും കേരളീയർ വീട്ടു പേരുകൾ കണ്ടെത്തുന്ന രീതിയുണ്ട്.

പഴയ വീട്ടുപേരുകൾ പലതും ദിക്കിന്റെ കൂടെയും മറ്റും വീട്ടിൽ, പറമ്പിൽ എന്നെല്ലാംചേർത്ത് ഉണ്ടാക്കിയിരുന്നു.തെക്കേപ്പറമ്പിൽ,വടക്കേപറമ്പിൽ ,കിഴക്കേപറമ്പിൽ ,പടിഞ്ഞാറേ പറമ്പിൽ, പുഴക്കരയിൽ , പുതിയവീട്ടിൽ, കരോട്ടുപറമ്പിൽ..... തുടങ്ങിയ വീട്ടുപേരുകളൊക്കെ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.


നികുഞ്ജം (നികുഞ്ജം എന്നാൽ വള്ളിക്കുടിൽ എന്നർത്ഥം)
സരോവരം (താമര പൊയ്ക എന്നർത്ഥം)
കളിവീട്
ചിലങ്ക
നൂപുരം (ചിലങ്ക എന്നർത്ഥം)
ഇന്ദ്രപ്രസ്ഥം
ചിത്രാഞ്ജലി
നന്ദനം
സുദർശനം
കൂട്
കിളിക്കൂട്
കമലദളം


    Thursday, December 12, 2019

    മാമാങ്കം ഇന്ന് തീയേറ്ററുകളിൽ എത്തി.... 

    (Mamangam Review)

                പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം ഇന്ന് തിയറ്ററുകളിൽ എത്തി. ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളിൽ നിന്ന്  പ്രതീക്ഷിച്ചത്ര വലിയ അഭിപ്രായങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും മോശം അഭിപ്രായം ആരും പറഞ്ഞു കേട്ടില്ല. ചിത്രം കേരളചരിത്രത്തോട്  എത്രകണ്ട് നീതി പുലർത്തിയിട്ടുണ്ട് എന്ന് പരിശോധിച്ച്‌ ബോധ്യപ്പെടേണ്ടതുണ്ട്.   ഒരുകാലത്ത് കൊന്നും വെന്നും പടനയിച്ചും  സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കുകയും മനുഷ്യ ജീവിതങ്ങളെ യുദ്ധക്കളങ്ങളിൽ കുരുതി കൊടുക്കുകയും ചെയ്ത ചരിത്രമാണല്ലോ പഴയ നാട്ടുരാജ്യങ്ങൾക്കെല്ലാമുള്ളത് !  12 വർഷത്തിലൊരിക്കൽ  തിരുനാവായ മണപ്പുറത്ത് നടന്നുവന്നിരുന്ന മാമാങ്കം എന്ന ഉത്സവവും കോലത്തിരിമാരും സാമൂതിരിമാരും തമ്മിലുള്ള  കുടിപ്പകയുടെ ചരിത്രമാണല്ലോ പറയുന്നത്! ചാവേറുകൾ രക്തം ചിന്തി മരിച്ച മഹോത്സവത്തിന്റെ ശേഷിപ്പുകളായി നിലപാടുതറയും മണിക്കിണറുമെല്ലാം തിരുനാവായ മണപ്പുറത്ത് ഇന്നും അവശേഷിക്കുന്നുണ്ട്.
          മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര പശ്ചാത്തലമുള്ള സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് കേരളീയ സമൂഹം മാമാങ്കം എന്ന ചലച്ചിത്രത്തെ കാത്തിരുന്നത് . പ്രേക്ഷകരുടെ പ്രതീക്ഷ ഒരു പരിധി വരെ കാക്കാൻ ഈ ചിത്രത്തിനായി എന്നു മാത്രമേ പറയാൻ കഴിയൂ. മമ്മൂട്ടി ശക്തമായ ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച  ഒരു വടക്കൻ വീരഗാഥ എന്ന ചലച്ചിത്രത്തോടും കേരള വർമ്മ പഴശ്ശിരാജ എന്ന ചലച്ചിത്രത്തോടും സിനിമാസ്വാദകർ ഈ സിനിമയെ താരതമ്യപ്പെടുത്തും എന്നുറപ്പാണ്. എന്നാൽ എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി  ഹരിഹരൻ സംവിധാനം ചെയ്ത മുൻ പറഞ്ഞ രണ്ട് ചിത്രങ്ങളുടെയും നിലവാരത്തിലേക്ക് മാമാങ്കം എന്ന ചലച്ചിത്രത്തിന് എത്താൻ കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമുണ്ട് . പാട്ടുകൾ നല്ലതുതന്നെയെങ്കിലും വടക്കൻ വീരഗാഥയിലെ പോലെ  അതിമനോഹരങ്ങളായ ഗാനങ്ങൾ മാമാങ്കത്തിലില്ല എന്നു സമ്മതിക്കേണ്ടിവരും . പഴശ്ശിരാജയിലെ പാട്ടുകൾക്ക് ഒഎൻവിയുടെ വരികൾ കൂട്ടുണ്ടായിരുന്നു. റഫീഖ് അഹമ്മദോ എം.ജയചന്ദ്രനോ മോശമായി എന്ന് ഈ പറഞ്ഞതിനു് അർത്ഥമില്ല. പഴയ രണ്ടു ചിത്രങ്ങളിലെ ഗാനങ്ങളുടെ നിലവാരം വച്ചു നോക്കുമ്പോൾ അത്രത്തോളം എത്താൻ കഴിഞ്ഞില്ല എന്നേ അർത്ഥമുള്ളു. ക്യാമറയുടെ കാര്യമായാലും അഭിനയത്തിന്റെ കാര്യമായാലും സ്ഥിതി വ്യത്യസ്തമല്ല.
                      തിരുമാന്ധാംകുന്നിൽ തൊഴുതിറങ്ങുന്ന കോലത്തിരി നാട്ടിലെ ചാവേറുകൾ മാമാങ്കനാളിൽ തിരുനാവായ മണപ്പുറത്തെ നിലപാടുതറയിൽ തുണ്ടം തുണ്ടമായി നുറുങ്ങി വീഴുന്നതും  അവരുടെ ശരീരങ്ങൾ  മണിക്കിണറ്റിൽ വലിച്ചെറിയപ്പെടുന്നതും  ചരിത്രസത്യങ്ങൾ ആണ് . ഒരു കാലഘട്ടത്തിൽ നാടുവാഴികൾ തമ്മിൽ വച്ചു പുലർത്തിയിരുന്ന കുടിപ്പക സാധാരണ പോരാളികളുടെ ജീവിതങ്ങളെ എങ്ങനെയൊക്കെയാണ് സ്വാധീനിച്ചിട്ടുള്ളത് എന്ന മനസ്സിലാക്കാനെങ്കിലും ഈ സിനിമ ഉപകാരപ്പെടും എന്നു തീർച്ചയാണ്. അതു കൊണ്ടു തന്നെ ഇത്തരം സിനിമകൾ ഇനിയും ഉണ്ടാവേണ്ടതുണ്ട് . നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും സമാധാനവും  ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ മേന്മകളും ബോധ്യപ്പെടാനും, അതിനെക്കുറിച്ചു പുതു തലമുറയെ ബോധവാന്മാരാക്കാനും കലകളിലൂടെയുള്ള ഇത്തരം ഓർമ്മപ്പെടുത്തലുകൾക്ക് സാധിച്ചാൽ അതിലും വലിയ നേട്ടം മറ്റൊന്നില്ല എന്നു പറയേണ്ടി വരും. മാമാങ്കം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ആശംസകൾ നേരുന്നു.

    ( സി ശ്രീകുമാര്‍ )

    Saturday, October 26, 2019

    മോഷണത്തിലെ ചിരിയും ചിന്തയും


    മോഷണത്തിലെ ചിരിയും ചിന്തയും.

    (അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിതയെ ഓർക്കുമ്പോൾ )

    സി.ശ്രീകുമാര്‍

                 
      മലയാള കവിതയിൽ ആധുനികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രമുഖ കവികളിൽ ഒരാളാണ് ശ്രീ അയ്യപ്പപ്പണിക്കർ. പഴയ കവിതാ രീതികളെ തള്ളിക്കളഞ്ഞ അദ്ദേഹം ഭാഷയിലും വിഷയത്തിലും നൂതനത്വം കൊണ്ടുവന്നു. പലപ്പോഴും അസ്തിത്വ ദു:ഖം അദ്ദേഹത്തിൻറെ കവിതയുടെ മുഖ്യവിഷയമാണ് . ആക്ഷേപഹാസ്യത്തിനു പ്രാധാന്യമുള്ള കാർട്ടൂൺ കവിതകൾ അദ്ദേഹത്തിന്റേതായി ധാരാളമുണ്ട്. 90 കളിൽ മലയാളകവിതയിൽ ഉത്തരാധുനികതയുടെ വരവറിയിച്ച പ്രമുഖ കവിയും മറ്റൊരാളല്ല.
    മോഷണം എന്ന കവിത ആക്ഷേപഹാസ്യത്തിലൂന്നി നിന്നുകൊണ്ട് ശക്തമായ സാമൂഹ്യ വിമർശനം സാധ്യമാക്കുന്നുണ്ട്.

    വെറുമൊരു മോഷ്ടാവായോരെന്നെ
    കള്ളനെന്നു വിളിച്ചില്ലേ താൻ കള്ളനെന്നു വിളിച്ചില്ലേ?  

    എന്ന പരിഭവം പറച്ചിലോടെയാണ് അയ്യപ്പപണിക്കരുടെ മോഷണം എന്ന കവിത ആരംഭിക്കുന്നത്. മോഷ്ടാവ് മോഷ്ടിക്കുകയും കള്ളന്‍ കക്കുകയുമാണ് പതിവ് . രണ്ടും ഒന്നുതന്നെയെങ്കിലും വെറുമൊരു മോഷ്ടാവ് എന്ന പ്രയോഗം മോഷണപ്രവൃത്തിയെ ലഘൂകരിക്കുന്നു. കവിതയിലെ കള്ളൻ മോഷ്ടിക്കുന്നത് തുണിയും ഭക്ഷണ സാധനങ്ങളുമാണ്. തുണി മോഷണം കാണുന്നവരുടെ നാണം കാക്കാനായിരുന്നു എന്നാണ് കള്ളന്‍റെ വിശദീകരണം.കോഴിയെ മോഷ്ടിച്ചത് പൊരിച്ചു തിന്നാനും. പശുവിനെ മോഷ്ടിച്ചത് പാലു കുടിക്കാനായിരുന്നു എന്നും അയാള്‍ പറയുന്നു.ഇതൊന്നും വൈദ്യൻ പോലും വിലക്കിയിട്ടില്ലാത്ത കാര്യങ്ങളാണ്. വസ്ത്രവും ഭക്ഷണ വസ്തുക്കളും മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുമാണല്ലോ! ഇങ്ങനെ ന്യായീകരിച്ചു ന്യായീകരിച്ച് ഇതൊക്കെ തന്‍റെ അവകാശമാണെന്നു വരെ കള്ളന്‍ പറഞ്ഞു വയ്ക്കുന്നു. മാറ്റുവിൻ ചട്ടങ്ങളേ എന്നു തുടങ്ങുന്ന കുമാരനാശാന്റെ ദുരവസ്ഥയിലെ വരികൾ ചിരിയും ചിന്തയും ഉണർത്തുമാറ് അയ്യപ്പപ്പണിക്കർ കവിതാന്ത്യത്തില്‍ ഉപയോഗിച്ചിരിക്കുന്നു. കള്ളന്‍റെ മുദ്രാവാക്യം വിളിപോലെ ഇത് മാറ്റൊലിക്കൊള്ളുന്നു.ചട്ടങ്ങളെ മാറ്റാനുള്ള കവിയുടെ ആഹ്വാനം അങ്ങനെ ശക്തമായ ഐറണിയായി മാറുന്നു.
      
     

       ജാതീയമായ അസമത്വങ്ങള്‍ കൊടികുത്തി വാണ കാലത്ത് ചട്ടങ്ങളെ തകർക്കാന്‍ ആശാന്‍ ആഹ്വാനം ചെയ്തു. വിപ്ളവം നയിച്ച നാം ഒരു പുതു ലോകം തീർത്തു. പക്ഷേ ആ പുതു ലോകത്തില്‍ മോഷണത്തെ അവകാശമാക്കി മാറ്റിയ രാഷ്ട്രീയനേതൃത്വമാണ് യിരെടുത്തത്. വെറുമൊരു മോഷ്ടാവായ തന്നെ കള്ളനെന്നു വിളിച്ചാൽ പെരും കള്ളന്മാരെ എന്തു വിളിക്കും എന്നാണ് കവിതയിലെ കള്ളൻ ആശങ്കപ്പെടുന്നത്? വലിയ കള്ളത്തരങ്ങൾ നടത്തി സമ്പന്നരായിത്തീരുന്ന ആളുകൾ മാന്യന്മാരായി വിലസുകയും കോഴിക്കള്ളന്മാർ ജയിലിൽ കിടക്കകയും ചെയ്യുന്ന അവസ്ഥയാണല്ലോ നമ്മുടെ നാടിന്‍റേത്. ഇത് പാരഡിയാണ്. ഇത്തരം പാരഡികള്‍ അയ്യപ്പപ്പണിക്കരുടെ കവിതകളുടെ സവിശേഷതയുമാണ്. ഐറണിക്കു നല്ലൊരുദാഹരണം കൂടിയാണ് ഈ കവിത എന്നു പറയാം. അതു കൊണ്ടു തന്നെ എക്കാലവും ഈ കവിതയ്ക്കുള്ള പ്രസക്തി വളരെ വലുതാണ്.